ഒരു സുവര്‍ണ്ണാവസരം കളഞ്ഞില്ലേ !! കളഞ്ഞുകുളിച്ചില്ലേ?
അതെന്താ അങ്ങിനെ സംഭവിച്ചത്? നമ്മുടെ സ്വന്തം ശ്രീശാന്തിനെ ശാരീരികമായി ഉപദ്രവിച്ചതിന്റെ പേരില്‍ ഒരു ഹര്‍ത്താലിനു് വകുപ്പുണ്ടായിരുന്നു. പക്ഷേ ആരും അതിനു മുന്‍ കൈയെടുത്തുകണ്ടില്ല. ഒരൊറ്റ രാഷ്ട്രീയ പാര്‍ട്ടിയും ഇതിന്റെ പേരില്‍ ഒരു ഹര്‍ത്താല്‍ ആഹ്വാനവുമായി രംഗത്തു വന്നില്ല. നഷ്ടം ആര്‍ക്കാ? കേരളീയര്‍ക്കു ഒരു അവധി ദിനം പോയി. കുറച്ചുപേര്‍ക്ക് നടുറോഡില്‍ കല്ലും മുള്ളും മരക്കഷണങ്ങളും നിരത്തി ഗതാഗതം സ്തംഭിപ്പിക്കാനുള്ള അവസരം പോയിക്കിട്ടി. അഞ്ചു രൂപയെങ്കില്‍ അഞ്ചു്-അത്രയെങ്കിലും കച്ചവടം പ്രതീക്ഷിച്ച് കടതുറന്നിരിക്കുന്ന പെട്ടിക്കട വരെ ബലം പ്രയോഗിച്ച് അടപ്പിക്കാനും, വഴിയില്‍ കുടുങ്ങിപ്പോയ വിദേശികളടക്കമുള്ളവരെ പച്ചവെള്ളം പോലും കിട്ടാത്ത അവസ്ഥയില്‍ പട്ടിണിക്കിടാനും, അത്യാവശ്യം വായുഗുളിക വാങ്ങാനോ, ആശുപത്രിയിലേക്കോ മറ്റോ പോകുന്ന ഏതെങ്കിലും പാവങ്ങളെ തടഞ്ഞു നിര്‍ത്തി വണ്ടിയുടെ കാറ്റഴിച്ചു വിടാനും, തല്ലിപ്പൊളിക്കാനും, ഓട്ടോയാണെങ്കില്‍ മറിച്ചിടുവാനും, കെ.എസ്.ആര്.ടിസിക്കു കല്ലെറിയുവാനും, ഡ്രൈവറുടെയും യാത്രക്കാരുടെയും കണ്ണ്, തല ഇത്യാദി അവശ്യവസ്തുക്കള്‍ തകര്‍ക്കുവാനും ഇനി അടുത്ത ഹര്‍ത്താല്‍ വരെ കാത്തിരിക്കേണ്ടേ? പൂട്ടിയ കടകളൂടേയും വിജനമായ റോഡുകളിലെ ഇരുചക്ര വാഹനങ്ങളുടെയും ലോങ്ങ്-ക്ലോസപ്പ് ഷോട്ടുകള്‍ (മുന്‍പ് ക്യാമറയില്‍ പകര്ത്തിവച്ചതായാലും മതി, എല്ലാം ആവര്ത്തനങ്ങളാണല്ലോ!) കാണിക്കുവാനും ഹര്‍ത്താലിനെപ്പറ്റി കുറച്ചു പൊതുജന കമന്റ്സ് ഒപ്പിക്കുവാനും ചാനലുകള്‍ക്ക് ചാന്‍സ് നഷ്ടപ്പെട്ടില്ലെ?
ഇനിയെങ്കിലും ഇത്തരം വിശേഷങ്ങള്‍ നടക്കുമ്പോള്‍ ഉത്തരവാദിത്വത്തോടെ അതെല്ലാം ഏറ്റെടുത്ത് സടകുടഞ്ഞെഴുനേറ്റ് ഹര്‍ത്താല്‍ പ്രഖ്യാപനങ്ങള്‍ നടത്തി ഒരു ദിവസം കൂടി കുളമാക്കിത്തരുവാന് സന്മനസ്സുണ്ടാകണമേ പ്രിയ നേതാക്കളേ..എന്ന് വിനീതമായ അപേക്ഷ.
അടിക്കുറിപ്പ്: മുന്‍പൊരു ഹര്‍ത്താല്‍ ദിനത്തില്‍ ഒരു കൂട്ടം ഹര്‍ത്താല്‍ വിദഗ്ദര്‍ കടകള്‍ അടഞ്ഞുകിടക്കുന്നുവെന്നു ഉറപ്പുവരുത്തി നഗരത്തില്‍ കറങ്ങിക്കൊണ്ടിരിക്കുന്നു. ഉച്ചയാവാറായി, ഇനി കെ.എസ്.ആര്.ടിസി സ്റ്റാന്‍ഡില്‍ കൂടി ചെന്നു നോക്കാമെന്നായി നേതാവ്. എല്ലാരും അങ്ങോട്ട് മാര്‍ച്ച് ചെയ്തു. കുഴപ്പമൊന്നുമില്ല. കാന്റീനടക്കം എല്ലാരും കട അടച്ചിരിക്കുന്നു. രാവിലെ മുതല്‍ പൈപ്പ് വെള്ളം മാത്രം കുടിച്ച് പരിക്ഷീണരായിരിക്കുന്ന ഒരു കൂട്ടം യാത്രക്കാരുടെ മുന്നില്‍ വച്ച് നേതാവു് അണികെളോട് ഇങ്ങിനെ അരുളിച്ചെയ്തു: "ആ ഇനിയെല്ലാരും വീട്ടീല് പോയി വേഗം ഭക്ഷണം കഴിച്ചിട്ടുവാ, നമുക്കെ റെയില്‍ വേ സ്റ്റേഷനിലും പരിസരത്തും കൂടി നോക്കണം"
ശംഭോ മഹാദേവാ..
2 comments:
:)
പത്രം വായിക്കുന്ന പോലെയുള്ള ഒരു സുഖം
അവിടെയും ഇവിടെയും ഒന്ന് നോക്കി. വിശദമായി ഞായറാശ്ച വായിക്കണം.
kindly circulate the news of opening blog club at trichur to your friends around the globe
Post a Comment