Sunday, October 30, 2011

ലുങ്കി വിലക്ക് !

ലുങ്കി ന്യൂസിനല്ല..സാക്ഷാല്‍ ലുങ്കിക്ക് വിലക്ക് !!
ദുബൈയിലെ ഒരു സിനിമാ തിയ്യേറ്ററില്‍ ഇനി ലുങ്കിയുടുത്ത് സിനിമ കാണാന്‍ ചെന്നാല്‍, ടിക്കറ്റുണ്ടെങ്കില്‍ പോലും, സിനിമ കാണാനാവാതെ തിരികേപ്പോകേണ്ടി വരും. ദുബൈയിലും ഷാര്‍ജയിലും തിയേറ്ററുകളില്‍ ലുങ്കി വിന്യാസം മുന്‍പേ അനുവദനീയമായിരുന്നില്ല. കഴിഞ്ഞ വര്‍ഷം
അല്‍ഖൂസ് ലേബര്‍ ക്യാമ്പ് പ്രദേശത്ത് ആരംഭിച്ച ബോളിവുഡ് എന്ന ഇരട്ട തിയ്യേറ്ററുകളില്‍ ഈ അടുത്ത കാലത്താണ് ലുങ്കി നിരോധനം കര്‍ശനമാക്കിയത്. തിയേറ്ററിന്‌ പുറത്ത് നയം വ്യക്തമാക്കിക്കൊണ്ടൊരു ബോര്‍ഡും വച്ചിട്ടുണ്ട്. മൊത്തം മുന്നൂറ് സീറ്റുകളുള്ള ഈ തീയേറ്റർ ലേബർ ക്യാമ്പുകളിലുള്ള സിനിമാ പ്രേമികൾക്കൊരാശ്വാസമായിരുന്നു. ഇതില്ലെങ്കിൽ ഏറെ ദൂരെ യാത്ര ചെയ്തു വേണം ഒരു സിനിമാ തിയ്യേറ്ററിലെത്താൻ. പണച്ചിലവും സമയനഷ്ടവും ഒഴിവാക്കാനാവുമെന്നതും ക്യാമ്പ് നിവാസികളെ സംബന്ധിച്ചിടത്തോളം മറ്റൊരു മെച്ചമായിരുന്നു.

കൂടുതലായും മലയാളം, തമിഴ് ചിത്രങ്ങളാണ് ഈ തിയേറ്ററുകളിൽ പ്രദർശിപ്പിച്ചു വരുന്നത്. ഇങ്ങനെ ഒരു തിയ്യേറ്റർ മലയാള-തമിഴ് പ്രേക്ഷകർക്ക് ഏറെ പ്രയോജനകരമാണെങ്കിലും നഷ്ടത്തിന്റെ കഥകളാണ് നടത്തിപ്പുകാർക്ക് പറയുവാനുള്ളത്. മിക്കവാറും ഷോകൾക്ക് വിരലിലെണ്ണാവുന്ന പ്രേക്ഷകരേ സിനിമ കാണാനെത്തുന്നുള്ളൂ എന്നതാണ് സത്യം. തീയ്യേറ്റർ തുടങ്ങിയശേഷം, ഇന്നു വെരെയൂള്ള പത്തു മാസങ്ങൾക്കിടയിൽ നിറഞ്ഞ സദസ്സിലോടിയ ചിത്രം 'രതിനിർവ്വേദം' മാത്രം.
ഇനിയിപ്പോ ലുങ്കി നിരോധനം കൂടി വന്നു കഴിയുമ്പോൾ ഇനിയും പ്രേക്ഷകർ കുറയുമോ എന്നാണാശങ്ക.

പിന്നെ..ഓണം, വിഷു, ദീപാവലി പോലുള്ള വിശേഷ ദിവസങ്ങളിൽ വെള്ളമുണ്ടുടുത്ത് വന്നാൽ സന്തോഷത്തോടെ സ്വാഗതം ചെയ്യുമെന്നും ബന്ധപ്പെട്ടവർ അറിയിക്കുന്നു.

കാര്യമെന്തൊക്കെയാലും തെന്നിന്ത്യൻ പടങ്ങൾക്കായുള്ള തിയ്യേറ്ററുകൾ വളരെ കുറവായ ദുബൈയിൽ ഈ തീയ്യേറ്ററുകൾ നിലനിർത്തേണ്ടത് ആവശ്യമാണ്. ആയതിനാൽ ദുബൈ നിവാസികളിൽ സൗകര്യപ്പെട്ടവർ ഇവിടെ പോയി സിനിമാകാണുക.. പലർക്കും ഇങ്ങനെ രണ്ടു തിയ്യേറ്ററുകൾ ഉണ്ടെന്നതു പോലും അറിയില്ലെന്നതു് വേറൊരു വസ്തുത. അറിയാത്തവർക്കായി ലൊക്കേഷൻ MAP ഇവിടെ ക്ലിക്കിയാൽ കാണാം. അൽ ഘൂസ് മാളിലാണ് ബോളിവുഡ് ഇരട്ട തിയ്യേറ്ററുകൾ.


ഇപ്പോൾ രണ്ടു തമിഴ് ചിത്രങ്ങളാണ് പ്രദർശിപ്പിച്ചുകൊണ്ടിരിക്കുന്നത്. വിജയുടെ 'വേലായുധം', സൂര്യയുടെ 'ഏഴാം അറിവ്'. 1.30, 4, 7 & 10pm എന്നിവയാണ് പ്രദർശന സമയങ്ങൾ.

അടിക്കുറിപ്പ്: ഇനി ലുങ്കിയുടുത്ത് തിയ്യേറ്ററിലെത്തണമെന്ന് അടക്കാനാവാത്ത ആഗ്രഹമുണ്ടെങ്കിൽ ഒരു ആശ്വാസ വാര്‍ത്തയുണ്ട്. ലുങ്കിയുടുത്ത് ടിക്കറ്റ് ബുക്ക് ചെയ്യാൻ വരാം.അനുവദനീയമാണ്.

Tuesday, April 19, 2011

കിണറ്റില്‍ വീണ ബാലിക..

ഇവിടെ വാക്കുകള്‍ക്ക് പ്രസക്തിയില്ല. വീഡിയോ കാണുക.

Monday, March 23, 2009

ടാഗിട്ട സ്വര്‍ണ്ണം

സ്വര്‍ണ്ണ വില കുതിച്ചുയരുന്നതില്‍ ആശങ്കപ്പെട്ടിരുന്ന മലയാളികളെ ' കണ്‍ വിന്‍സ് ' ചെയ്യാന്‍ ഒരു തെന്നിന്ത്യന്‍ പ്രശസ്ത‍ ജ്വല്ലറിയുടെ പരസ്യം ചാനലുകളില്‍ വന്നു തുടങ്ങിയിട്ട് അധികനാളായില്ല. ഇനി സ്വര്‍ണ്ണ വില വില്പനക്കാരന്റെ വായില്‍ നിന്നും കേള്‍ക്കേണ്ടി വരില്ല, വിലയും തൂക്കവും മാറ്റും, എന്തിനധികം പണിക്കൂലിയും കുറവും കമ്മീഷനും എന്നു വേണ്ട നമ്മളറിയാനാഗ്രഹിക്കുന്ന എന്തും ഒരു തുണ്ടു കടലാസില്‍ (പ്രൈസ് ടാഗ്) രേഖപ്പെടുത്തിയിരിക്കും എന്ന് പരസ്യത്തില്‍ കണ്ട് മലയാളികള്‍ " അതേയോ.." എന്ന് അതിശയപ്പെട്ടു. ഇതനുഭവിച്ചറിയാനും സ്വര്‍ണ്ണം വാങ്ങിക്കൂട്ടുവാനുമായി എത്ര പേര്‍ പ്രസ്തുത ജ്വല്ലറികളില്‍ തിക്കിത്തിരക്കി എത്തിയെന്നറിഞ്ഞുകൂടാ..

എന്തായാലും ഉരുളക്കുപ്പേരി പോലെ പുതിയൊരു മറുപരസ്യം വന്നിരിക്കുന്നു. പ്രശസ്ത നടന്‍ മുകേഷും നടി കാര്‍ത്തികയുമാണിതില്‍ പ്രത്യക്ഷപ്പെടുന്നത്. പ്രൈസ് ടാഗ് പരസ്യം കണ്ട് സ്വര്‍ണ്ണം വാങ്ങി വന്നു്‌ വാടിയ മുഖവുമായിരിക്കുന്ന ഭാര്യയോട് ഭര്‍ത്താവ് എന്ന മട്ടിലാണൊരു പരസ്യം.
താന്‍ ചതിക്കപ്പെട്ടുവെന്നും പ്രൈസ് ടാഗ് സംഭവം കളീപ്പീരാണെന്നും ബോധ്യമാക്കിക്കൊടുക്കുന്ന മട്ടിലാണ്‌ പരസ്യത്തിന്റെ പോക്ക്. ഇതിനിടയില്‍ പലവട്ടം പ്രൈസ് ടാഗ് ക്ലോസപ്പില്‍ വരുന്നുമുണ്ട്. അവസാനം പ്രൈസ് ടാഗ് വലിച്ചെറിയുന്ന നായിക ഇത്തരം ബിസിനസ്സ് തന്ത്രങ്ങളില്‍ വഞ്ചിതരാകാതെ ഗുണമേന്മയാണ്‌ പ്രധാനം എന്ന് ഓര്‍മ്മപ്പെടുത്തി പ്രസന്ന വദനയായി മറയുന്നതോടെ പരസ്യം അവസാനിക്കുന്നു -ജനം തരിച്ചിരിക്കുന്നു ! മറ്റൊരു പ്രശസ്ത ജ്വല്ലറിയുടെതാണീ പുതിയ പരസ്യം. ചാനലുകളില്‍ ആവര്‍ത്തിച്ചാവര്‍ത്തിച്ച് പ്രത്യക്ഷപ്പെട്ടുകൊണ്ടിരിക്കുന്ന ഈ പരസ്യം പ്രൈസ് ടാഗ് പരസ്യത്തിനെ മലര്‍ത്തിയടിച്ചിരിക്കുന്നുവെന്ന് പറയാതെ വയ്യ.

ഇനി ആര്‍ക്കെങ്കിലും കണ്‍ഫ്യൂഷനുണ്ടോ..കാത്തിരിക്കാം..മറുപരസ്യത്തിനായി.

Tuesday, November 4, 2008

വില കുറയുന്നുവെന്ന്..?!

ദുബൈ വാര്‍ത്തയാണ്‌ കേട്ടോ..
ഇതാ.. ഭക്ഷണ സാധനങ്ങള്‍ക്ക് ദുബൈയില്‍ വില കുറഞ്ഞുതുടങ്ങിയെന്ന് ഗള്‍ഫ് ന്യൂസ് പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. ഉപഭോക്താവിനു്‌ ഈ കുറവ് കാര്യമായി " ഫീല്‍" ചെയ്തു തുടങ്ങിയിട്ടില്ലെങ്കിലും വാര്‍ത്ത ആശ്വാസകരം ! വീട്ടു വാടക ഇതാ കുറയുന്നു..കുറഞ്ഞു തുടങ്ങി..ഇപ്പോ കുറയും എന്നും പത്രത്തില്‍ മാത്രം കാണുന്നു ! ദിവസവും ഓരോ പുതിയ നിയമങ്ങള്‍ കേട്ട് ബ്ലഡ് പ്രഷര്‍ കൂടുന്ന ദുബൈ താമസക്കാരനായ ശരാശരി മലയാളിക്ക് സ്വയം സമാധാനിക്കാന്‍ ഓരോരോ കാരണങ്ങള്‍ !

എന്തായാലും പുതിയ വാര്‍ത്ത ഇവിടെ..

Monday, August 18, 2008

കമ്പ്യൂട്ടര്‍ പഠന കളരി !!

പങ്കെടുക്കുക..വിജയിപ്പിക്കുക..

Tuesday, August 5, 2008

'വാസ്തവ'ത്തിന്‌ വാസ്തവത്തില്‍ എന്തു പറ്റി?

കഴിഞ്ഞ ഒരു മാസമായി "വാസ്തവം" ചലനമറ്റിരിക്കുകയാണ്‌. പുതു പോസ്റ്റുകള്‍ ഒന്നും കാണുന്നില്ല.പണ്ട് 'അണിയറ' ടി.വി യില്‍ കാണുമ്പോള്‍ തോന്നിയിരുന്ന ഒരാവേശം ഒരു പരിധിവരെയെങ്കിലും പകര്‍ന്നു തരാന്‍ വാസ്തവത്തിന് കഴിഞ്ഞിരുന്നു.

ഇപ്പോള്‍ വാസ്തവവും...

എന്താണ്‌ സംഭവിച്ചത് ? വാസ്തവം.കോം എന്ന ഡൊമൈനും നിലവിലുള്ളതായി കാണുന്നില്ല.

Monday, June 2, 2008

എയര്‍ ഇന്ത്യയുടെ അറിയിപ്പ്

എയര്‍ ഇന്ത്യ എക്സ്പ്രസ്സില്‍
ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് ടിക്കറ്റെടുക്കുന്നവര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
വിമാനത്താവളത്തില്‍ ചെക്-ഇന്‍ ചെയ്യുമ്പോള്‍ ഇനിപ്പറയുന്ന രേഖകള്‍ ആവശ്യമാണ്‌.
സ്വന്തം ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ചാണ്‌ ടിക്കറ്റെടുത്തതെങ്കില്‍ ആ കാര്‍ഡ് ചെക്-ഇന്‍ കൗണ്ടറില്‍ കാണിക്കേണ്ടതായി വരും. അതിനാല്‍ യാത്രക്ക് പുറപ്പെടുമ്പോള്‍ തന്നെ ടി ക്രെഡിറ്റ് കാര്‍ഡ് കൈവശമുണ്ടെന്ന് ഉറപ്പു വരുത്തുക.

ഇനി വേറെയാരുടെയെങ്കിലും ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ചാണ് ടിക്കറ്റെടുത്തതെങ്കില്‍, ആ കാര്‍ഡിന്റെ മുന്‍ പിന്‍ വശങ്ങളുടെ കോപ്പി, അതും കാര്‍ഡുടമസ്ഥന്റെ സാക്ഷ്യപ്പെടുത്തല്‍ സഹിതം കൈവശം വക്കണം. തീര്‍ന്നില്ല, അതോടൊപ്പം, ടിക്കറ്റ് വാങ്ങുന്നതില്‍ യാത്രക്കാരനെ അധികാരപ്പെടുത്തിക്കൊണ്ടുള്ള ഒരു സമ്മത പത്രവും വേണം. അതില്‍ യാത്ര ചെയ്യുന്ന ആളിന്റെ അല്ലെങ്കില്‍ ആളുകളുടെ പേര്‌, യാത്ര ചെയ്യുന്ന തിയതി, യാത്രാ മേഖല (എവിടെ നിന്നും എവിടേക്ക്) എന്നിവയും രേഖപ്പെടുത്തിയിരിക്കണം. ഈ രണ്ടു രേഖകളും യാത്രക്കാവശ്യമാണ്‌. ആയതിനാല്‍ കോപ്പിയെടുത്തു വക്കുക, മടക്കയാത്രക്കും ഇതാവശ്യമായി വരും.

ക്രെഡിറ്റ് കാര്‍ഡിന്റെ പിന്‍ വശത്തുള്ള രഹസ്യ നമ്പര്‍ മായ്ച്ചുകൊള്ളുവാന്‍ എയര്‍ ഇന്ത്യ ഓര്‍മ്മിപ്പിക്കുന്നു !!

ഈ നിബന്ധനകള്‍ പാലിക്കാത്ത യാത്രക്കാര്‍ക്ക് യാത്ര നിഷേധിക്കപ്പെടാമെന്ന് എയര്‍ ഇന്ത്യ മുന്നറിയിപ്പ് നല്‍കുന്നു, തുക തിരികെ കിട്ടുമോ എന്ന ചോദ്യത്തിലുപരി യാത്ര മുടങ്ങിയാലുണ്ടാകുന്ന ഭവിഷ്യത്തുകള്‍ ആലോചിക്കുമ്പോള്‍, ഈ അറിയിപ്പ് കണക്കിലെടുത്ത് വേണ്ട രേഖകള്‍ കൈവശം വക്കുന്നത് നന്ന്.

വിശദവിവരങ്ങള്‍ എയര്‍ ഇന്ത്യയില്‍ നിന്നും നേരിട്ട് അറിയുക, ഇവിടെ
ശുഭയാത്ര !