Tuesday, April 8, 2008

കളി പൈലറ്റിനോട് വേണ്ടാ..

അല്ലെങ്കിലും അങ്ങേര്‍ക്കിതിന്റെ വല്ല ആവശ്യവുമുണ്ടോ? പൈലറ്റിനോട് കളിച്ചാല്‍ ഇങ്ങിനെയിരിക്കും.
ഇറക്കി വിട്ടില്ലേ.. അടുത്ത വണ്ടി വരും വരെ കാത്തുനില്‍ക്കേണ്ടി വന്നില്ലേ.. സമയ നഷ്ടവും !

വിമാനം വൈകിയതിന്‌ ടെര്‍മിനല്‍ മാനേജരോട് തട്ടിക്കയറി പൈലറ്റ്, കരിപ്പൂരിലാണ്‌ സംഭവം. ഒരു യാത്രക്കാരന്‌‍ അസുഖമായതിനാലാണത്രേ വിമാനം വൈകിയത്. വിമാനം പുറപ്പെടാന്‍ നേരമെത്തിയ നമ്മുടെ എംപിയും പ്രമുഖ വ്യവസായിയുമായ അബ്ദുള്‍ വഹാബ് ഈ തിക്കും തിരക്കും കണ്ട് പ്രശ്നത്തിലിടപെട്ടു. തീര്‍ച്ചയായും, അടിപിടി ഒഴിവാക്കേണ്ടതു തന്നെയാണ്‌. സംസാരത്തിനിടക്കു്‌ നീ ഇതിന്റെ ഡ്രൈവറല്ലേ..ബെല്ലടിച്ചാല്‍ വണ്ടി വിട്ടാപ്പോരേ..എന്നു എം പി ചോദിച്ചു പോലും. ശരിയല്ലേ..ഓട്ടോ ഓടിക്കുന്നവന്‍ ഓട്ടോ ഡ്രൈവര്‍..കാറോടിക്കുന്നവന്‍ കാര്‍ ഡ്രൈവര്‍..അപ്പോ വിമാനമോടിക്കുന്നവന്‍ വിമാന ഡ്രൈവര്‍. പക്ഷേ ഇത്ര വിവരമൊന്നും ആ പൈലറ്റിനില്ല. പശ്നം തീര്‍ക്കാന്‍ ശ്രമിച്ച എം പി പ്രതിയായി. പൈലറ്റ് അദ്ദേഹത്തിന്റെ നേരെ തിരിഞ്ഞു. ങ് ഹാ..ഇത്ര വലിയ വിമാനം നിലം തൊടാതെ പറത്തുന്ന എന്നെ ഡ്രൈവറെന്നൊ? എം പിയെ വിമാനത്തില്‍ കയറ്റുന്ന പ്രശ്നമില്ലെന്നായി പൈലറ്റ് സാര്‍. പത്നീ സമേതനായി എത്തിയ എം പി താഴെയിറങ്ങാതെ വിമാനത്തിന്റെ "ആക്സിലേറ്ററില്‍"കാല്‍ വക്കില്ലെന്ന് പൈലറ്റിനു വാശി. വിമാനത്തിലുണ്ടായിരുന്ന മറ്റു യാത്രക്കാരുടെ ബുദ്ധിമുട്ടു കണക്കിലെടുത്ത് അബ്ദൂള്‍ വഹാബ് എം പിയും കുടുംബവും വിമാനത്തില്‍ നിന്നിറങ്ങി. വാശിക്കാരനായ പൈലറ്റ് ഗീര്‍ മാറി, ഫ്ലൈയിങ്ങ് ഗീറിട്ടു..വിമാനം ഓടി..പിന്നെ പറന്നു, ദോഹക്ക് ! പിന്നീടെപ്പോഴോ വന്ന അടുത്ത വിമാനത്തില്‍ കയറി എം പിയും പത്നിയും യാത്ര തുടര്‍ന്നു.

വാശിക്കാരന്‍ പൈലറ്റ് ആകാശത്ത് തന്നെയായിരുന്നതിനാല്‍ പിന്നീട് വന്ന വിമാനത്തിന്റെ പൈലറ്റ് വിവരമറിഞ്ഞു കാണില്ല. അല്ലെങ്കില്‍..അയാളും ഒന്നു ബലം പിടിച്ചേനേ..ഇനി വഹാബ് എം പി ഒന്നു സൂക്ഷിക്കുന്നതു നന്ന്‌. ഇക്കാര്യമറിഞ്ഞ പൈലറ്റുമാരെല്ലാരും കൂടി ധാരാളം വിദേശയാത്രകള്‍ നടത്തുന്ന താങ്കളെ ഒന്നു ചിറ്റിക്കാന്‍ ശ്രമിച്ചുകൂടെന്നില്ല.

പൈലറ്റിന്റെ കടും പിടുത്തം മൂലം പന്ത്രണ്ട് മണിക്കൂറിലധികം വിമാനത്തില്‍ കഴിയേണ്ടി വന്നിട്ടുള്ള ഒരാളാണ്‌ ഞാന്‍. പഴയ കഥ. ഒന്‍പതു വര്‍ഷങ്ങള്‍ക്കു മുന്‍പ്..ദുബൈയില്‍ നിന്നും കൊച്ചിയിലേക്കു എയര്‍ ഇന്ത്യ വിമാനത്തില്‍ യാത്ര. കൂടെ ഏഴു മാസം ഗര്‍ഭിണിയായ ഭാര്യ. വൈകി പുറപ്പെട്ട വിമാനം, പാതിരാ സമയം. യാത്ര തുടങ്ങി ഒരു മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ യാത്രക്കാരിലൊരാള്‍ക്ക് ശക്തമായ നെഞ്ചു വേദന, ഹൃദയാഘാതമാണോയെന്നു സംശയം. എയര്‍ഹോസ്റ്റസുമാര്‍ പ്രാഥമിക ചികില്‍സയെല്ലാം ചെയ്യുന്നു, പക്ഷേ കുറവില്ല. അവസാനം വിമാനം ബോംബെ എയര്‍പോര്‍ട്ടിലേക്കു വിടാന്‍ തീരുമാനമായി. ബോംബെയിലെത്തി.
രോഗിയെ പുറത്തിറക്കി, ഏറെക്കഴിഞ്ഞിട്ടും വിമാനം അനങ്ങുന്നില്ല. ഫ്ലൈറ്റ് സ്റ്റാഫിനെ ആരെയും കാണാനില്ല..പലരും സീറ്റില്‍ നിന്നെഴുനേറ്റു. അതിനിടെ വിമാനത്തിലെ എസി ഓഫായി. കുട്ടികളുടെ കരച്ചില്‍. ബഹളം..കുടിക്കാന്‍ വെള്ളം ചോദിക്കുന്നു പലരും..വിമാനത്തിലെ കുടിവെള്ളവും ഭക്ഷണവും തീര്‍ന്നുപോയതിനാല്‍ കൈമലര്‍ത്തി ഒരു ഭാഗത്തു കൂടി നില്‍ക്കുന്നു എയര്‍ ഹോസ്റ്റസുമാര്‍. ഈ കാത്തിരുപ്പിന്റെ കാരണമറിയുന്നതപ്പോഴാണ്‌.. തന്റെ ഡ്യൂട്ടി സമയം തീര്‍ന്നുപോയതിനാല്‍ ഇനി വിമാനം പറത്താന്‍ വേറെ ആളെ നോക്കിക്കോളാന്‍ പൈലറ്റ്. ബോംബെയില്‍ നിന്നും കൊച്ചി വരെ വിമാനം "ഓടിക്കാന്‍" ആളില്ല !! യാത്രക്കാരുടെ ക്ഷമ നശിച്ചു, അതിനിടയില്‍ നേരം വെളുത്തു. വിമാനത്തിന്റെ വാതിലുകളെല്ലാം യാത്രക്കാര്‍ തുറന്നു വച്ചു, എന്നിട്ടും അതിനുള്ളില്‍ "പുഴുക്കം". ബോംബെ കാക്കകള്‍ കരയുന്ന ശബ്ദം..‍ പൈലറ്റുമായി രൂക്ഷമായ വാക്കു തര്‍ക്കം, യാത്രകാരും പൈലറ്റുമായി കയ്യാങ്കളിയുടെ വക്കില്‍..അങ്ങിനെ ബോംബെ പോലീസ് രംഗത്തെത്തി. സമയം നീങ്ങിക്കൊണ്ടിരുന്നു. അങ്ങകലെ കൊച്ചി വിമാനത്താവളത്തില്‍ തലേന്നു രാത്രി മുതല്‍ കാത്തിരിക്കുന്ന ബന്ധുമിത്രാദികളെപ്പറ്റി പലരും വ്യാകുലപ്പെട്ടു. അവസാനം രാവിലെ ഒന്‍പതിനുശേഷം ഒരു പൈലറ്റിനെ എയര്‍ ഇന്ത്യക്കു കണ്ടെത്താനായി. അദ്ദേഹം വിമാനം പറത്തി..തലേന്ന് രാത്രി ദുബൈ എയര്‍പോര്‍ട്ടില്‍ നിന്നും തിരിച്ച അവശരായ യാത്രക്കാര്‍ അങ്ങിനെ ഉച്ചക്ക് പതിനൊന്നു മണിയോടെ കൊച്ചിയിലെത്തി. പിഞ്ചുകുഞ്ഞുങ്ങളടക്കം മുന്നൂറിലധികം യാത്രക്കാരും വിമാനത്താവളത്തില്‍ കാത്തുകെട്ടിക്കിടന്നവരും കുറെ കഷ്ടപ്പെട്ടുവെങ്കിലും പൈലറ്റിനു സമാധാനമായല്ലോ..

ഇതിനൊരു മറുപുറമുണ്ട്: നിശ്ചയിച്ച സമയത്തില്‍കൂടുതല്‍ വിമാനം പറത്തേണ്ട ആവശ്യം പൈലറ്റിനില്ല. ആവശ്യത്തിനു പൈലറ്റുമാര്‍ എയര്‍ ഇന്ത്യക്കുമില്ല. അവിടെയാണ്‌ ഇത്തരം പ്രശ്നങ്ങളുടെ തുടക്കം.

3 comments:

Faisal Muhammad said...

ഓനാണ്‌ ആങ്കുട്ടി. ടെര്‍മിനല്‍ മാനേജരും എംപീമൊക്കെ ചന്ദ്രഹാസം മൊഴക്കീട്ടും ഓന്‍ നിലപാടില്‍ ഒറച്ചുനിന്ന ഓന്തന്നെ മാന്‍ ഓഫ്‌ ദ മാച്ച്‌

Faisal Muhammad said...

ഓനാണ്‌ ആങ്കുട്ടി. ടെര്‍മിനല്‍ മാനേജരും എംപീമൊക്കെ ചന്ദ്രഹാസം മൊഴക്കീട്ടും നിലപാടില്‍ ഒറച്ചുനിന്ന ഓന്തന്നെ മാന്‍ ഓഫ്‌ ദ മാച്ച്‌

ശ്രീ said...

പൈലറ്റ് ആളു കൊള്ളാമല്ലോ