Monday, March 24, 2008

അപ്പോ ഇനി പേടിക്കാതെ വഴി നടക്കാം, അല്ലേ?!!

ഇന്നത്തെ മാതൃഭൂമി വാര്‍ത്ത : തൃശ്ശൂര്‍-കൊടുങ്ങല്ലൂര്‍ റൂട്ടില്‍ ഇനി മുതല്‍ ബസ്സുകള്‍ക്കു വേഗം കുറച്ച് ഓടിക്കാന്‍ തീരുമാനിച്ചു !
(വാര്‍ത്ത വായിച്ചാലും..)

തീരുമാനിച്ചതാര്? ബസ്സുടമകളുടെ സംഘടന. തീരുമാനം നന്നു്‌..ഓരോ അപകടം കഴിയുമ്പോഴും ഇതും ഇതിലപ്പുറവും തീരുമാനിക്കുക പതിവാണ്‌. മുന്നില്‍ പോകുന്നവനെ മറികടക്കാനുള്ള ആവേശത്തില്‍ ആരും ഇതൊന്നും ഓര്‍ക്കാറില്ലെന്നു മാത്രം. ഇത്തവണത്തെ തീരുമാനത്തിനൊരു പ്രത്യേകതയുണ്ട്..ഒരു റൂട്ടില്‍ മാത്രമേ വേഗത കുറക്കാന്‍ തീരുമാനിച്ചിട്ടുള്ളൂ..കേരളത്തിന്റെ മറ്റു ഭാഗങ്ങളിലെല്ലാം ജീവനു വെല്ലുവിളി ഉയര്‍ത്തിക്കൊണ്ട് സ്വകാര്യ ബസ്സുകള്‍ ചീറിപ്പായും. രണ്ടു മൂന്നു വര്‍ഷങ്ങള്‍ക്കു മുന്‍പ് ബസ്സപകടത്തെ തുടര്‍ന്ന് നാട്ടുകാര്‍ നടുറോഡില്‍ ‍ബസ്സുകള്‍ കത്തിച്ചുകളഞ്ഞ റൂട്ടു കൂടിയാണ്‌ തൃശ്ശൂര്‍-ഇരിഞ്ഞാലക്കുട എന്നോര്‍ക്കുക.
ഇത്തരുണത്തില്‍ തൃശ്ശൂരില്‍ "നല്ല ഡിമാന്‍ഡുണ്ടായിരുന്ന" ഒരു ബസ്സ് ഡ്രൈവറുമായി സംസാരിച്ചതോര്‍മ്മ വരുന്നു. ആ സുഹൃത്ത് പറഞ്ഞതിങ്ങനെ: ഏറ്റവും ചെറുപ്പക്കാരായ, നന്നായി ചവിട്ടുന്ന (ചവിട്ടുക എന്നാല്‍ ആക്സിലേറ്ററില്‍ കാലമര്‍ത്തുക എന്നര്‍ത്ഥം) ഡ്രൈവര്‍മാര്‍ക്കാണത്രേ കൂടുതല്‍ പ്രിയം. പറയുന്ന കാശുകിട്ടും. പിന്നെ ആരുടെയെങ്കിലും മേല്‍ വണ്ടി തട്ടുകയാണെങ്കില്‍..( ആ കണ്ടീഷനാണ്‌ കിടിലം) ആരുടെയെങ്കിലും മേല്‍ വണ്ടി തട്ടുകയാണെങ്കില്‍..കയ്യും കാലും ഒടിച്ചിടരുത്..അങ്ങു തീര്‍ത്തുകളയണം ! കാരണം.. പരിക്കു പറ്റി കിടക്കുകയാണെങ്കില്‍ മുതലാളിക്കു ചെലവു കൂടുമത്രേ !! നേരെ മറിച്ച് ഇടികൊണ്ട ആള്‍ / ആളുകള്‍ അങ്ങു തീര്‍ന്നുപോവുകയാണെങ്കില്‍ കാര്യങ്ങള്‍ക്ക് പെട്ടന്ന് തീരുമാനമാവും പോലും. ഇതൊരുപക്ഷേ എല്ലാവരുടെയും അജണ്ടയാവില്ല എന്നിരിക്കിലും, ഇങ്ങിനെയുള്ളവരും ഉണ്ട് എന്ന അറിവ് എന്നില്‍ ഞെട്ടലുണ്ടാക്കി. ഇതിനൊരു മറുവശമുണ്ട്. നല്ല സ്പീഡില്‍ പോകുന്ന ബസ്സുകളില്‍ കയറാനാണത്രേ കൂടുതല്‍ യാത്രക്കാര്‍ക്കുമിഷ്ടം!

കാര്യങ്ങള്‍ ഇങ്ങിനെയൊക്കെയാണെന്നിരിക്കെ...നമുക്ക് ...ആയുസ്സിനു വേണ്ടി പ്രാര്‍ത്ഥിക്കാം..

3 comments:

Anonymous said...

അതേയ് ബസ്സുകള്‍ക്കിടയിലൂടെ ഓരോ ദിവസവും വീട്ടിലെത്താന്‍ പെടുന്ന പാട്..ഇരുചക്രത്തിലാണ്‌ നമ്മടെ യാത്ര

konchals said...

ആഴ്ചയില്‍ മൂന്നു പ്രാവശ്യമെങ്കിലും കോഴിക്കോടു-ത്രിശ്ശുര്‍ ബസ്സില്‍ യാത്ര ചെയ്യുന്ന ഒരാളാണു ഞാന്‍..
ഇവന്മാരൊക്കെ ബസ്സ് ഓടിക്കുന്നതു കണ്ടാല്‍ റോഡൊക്കെ തറവാട്ടുവക ആണെന്നു തോന്നും.
ജീവനോടെ ഒന്നു വീട്ടില്‍ എത്തിയാല്‍ മതിയെന്നു പ്രാര്‍ത്ഥിച്ച അവസരങ്ങള്‍ അനവധി..

ഇവര്‍ക്കൊക്കെ ഒരു നല്ല ബുദ്ധി തോന്നിയിരുന്നെങ്കില്‍...

കടവന്‍ said...

ഏറ്റവും ചെറുപ്പക്കാരായ, നന്നായി ചവിട്ടുന്ന (ചവിട്ടുക എന്നാല്‍ ആക്സിലേറ്ററില്‍ കാലമര്‍ത്തുക എന്നര്‍ത്ഥം) ഡ്രൈവര്‍മാര്‍ക്കാണത്രേ കൂടുതല്‍ പ്രിയം. പറയുന്ന കാശുകിട്ടും. പിന്നെ ആരുടെയെങ്കിലും മേല്‍ വണ്ടി തട്ടുകയാണെങ്കില്‍..( ആ കണ്ടീഷനാണ്‌ കിടിലം) ആരുടെയെങ്കിലും മേല്‍ വണ്ടി തട്ടുകയാണെങ്കില്‍..കയ്യും കാലും ഒടിച്ചിടരുത്..അങ്ങു തീര്‍ത്തുകളയണം ! കാരണം.. പരിക്കു പറ്റി കിടക്കുകയാണെങ്കില്‍ മുതലാളിക്കു ചെലവു കൂടുമത്രേ !! നേരെ മറിച്ച് ഇടികൊണ്ട ആള്‍ / ആളുകള്‍ അങ്ങു തീര്‍ന്നുപോവുകയാണെങ്കില്‍ കാര്യങ്ങള്‍ക്ക് പെട്ടന്ന് തീരുമാനമാവും പോലുംഇങ്ങന്ത്തെ ഒരുപാട് രഹസ്യ അജണ്ടകള്‍ കേരളത്തിലെ പലമേഖലകളിലുമുണ്ട്..ഞെട്ടിക്കുന്ന രഹസ്യങ്ങള്...പഴയ ഏതോ കവിതയിലെ പോലെ.."അതിന്റെയേതൊ കോണിലിരിക്കും മര്‍ത്യന്‍ കഥയെന്തറിഞ്ഞൂ..?" സാധാരണക്കാര്‍ക്ക് അവിശ്വസനീയമായിരിക്കും ഈ അവിശ്വസനീയതയാണ്‌ ഇന്നത്തെ പല രാഷ്ട്രീയനേതാക്കളെയും നിലനിര്‍ത്തുന്നത്..ഇവരെയൊക്കെ താരതമ്യം ചെയ്യുമ്പോ കള്ളക്കടത്തുകാരൊന്നും ഒന്നുമല്ല സുഹൃത്തെ അവര്.പാവങ്ങളാ...