Monday, March 23, 2009

ടാഗിട്ട സ്വര്‍ണ്ണം

സ്വര്‍ണ്ണ വില കുതിച്ചുയരുന്നതില്‍ ആശങ്കപ്പെട്ടിരുന്ന മലയാളികളെ ' കണ്‍ വിന്‍സ് ' ചെയ്യാന്‍ ഒരു തെന്നിന്ത്യന്‍ പ്രശസ്ത‍ ജ്വല്ലറിയുടെ പരസ്യം ചാനലുകളില്‍ വന്നു തുടങ്ങിയിട്ട് അധികനാളായില്ല. ഇനി സ്വര്‍ണ്ണ വില വില്പനക്കാരന്റെ വായില്‍ നിന്നും കേള്‍ക്കേണ്ടി വരില്ല, വിലയും തൂക്കവും മാറ്റും, എന്തിനധികം പണിക്കൂലിയും കുറവും കമ്മീഷനും എന്നു വേണ്ട നമ്മളറിയാനാഗ്രഹിക്കുന്ന എന്തും ഒരു തുണ്ടു കടലാസില്‍ (പ്രൈസ് ടാഗ്) രേഖപ്പെടുത്തിയിരിക്കും എന്ന് പരസ്യത്തില്‍ കണ്ട് മലയാളികള്‍ " അതേയോ.." എന്ന് അതിശയപ്പെട്ടു. ഇതനുഭവിച്ചറിയാനും സ്വര്‍ണ്ണം വാങ്ങിക്കൂട്ടുവാനുമായി എത്ര പേര്‍ പ്രസ്തുത ജ്വല്ലറികളില്‍ തിക്കിത്തിരക്കി എത്തിയെന്നറിഞ്ഞുകൂടാ..

എന്തായാലും ഉരുളക്കുപ്പേരി പോലെ പുതിയൊരു മറുപരസ്യം വന്നിരിക്കുന്നു. പ്രശസ്ത നടന്‍ മുകേഷും നടി കാര്‍ത്തികയുമാണിതില്‍ പ്രത്യക്ഷപ്പെടുന്നത്. പ്രൈസ് ടാഗ് പരസ്യം കണ്ട് സ്വര്‍ണ്ണം വാങ്ങി വന്നു്‌ വാടിയ മുഖവുമായിരിക്കുന്ന ഭാര്യയോട് ഭര്‍ത്താവ് എന്ന മട്ടിലാണൊരു പരസ്യം.
താന്‍ ചതിക്കപ്പെട്ടുവെന്നും പ്രൈസ് ടാഗ് സംഭവം കളീപ്പീരാണെന്നും ബോധ്യമാക്കിക്കൊടുക്കുന്ന മട്ടിലാണ്‌ പരസ്യത്തിന്റെ പോക്ക്. ഇതിനിടയില്‍ പലവട്ടം പ്രൈസ് ടാഗ് ക്ലോസപ്പില്‍ വരുന്നുമുണ്ട്. അവസാനം പ്രൈസ് ടാഗ് വലിച്ചെറിയുന്ന നായിക ഇത്തരം ബിസിനസ്സ് തന്ത്രങ്ങളില്‍ വഞ്ചിതരാകാതെ ഗുണമേന്മയാണ്‌ പ്രധാനം എന്ന് ഓര്‍മ്മപ്പെടുത്തി പ്രസന്ന വദനയായി മറയുന്നതോടെ പരസ്യം അവസാനിക്കുന്നു -ജനം തരിച്ചിരിക്കുന്നു ! മറ്റൊരു പ്രശസ്ത ജ്വല്ലറിയുടെതാണീ പുതിയ പരസ്യം. ചാനലുകളില്‍ ആവര്‍ത്തിച്ചാവര്‍ത്തിച്ച് പ്രത്യക്ഷപ്പെട്ടുകൊണ്ടിരിക്കുന്ന ഈ പരസ്യം പ്രൈസ് ടാഗ് പരസ്യത്തിനെ മലര്‍ത്തിയടിച്ചിരിക്കുന്നുവെന്ന് പറയാതെ വയ്യ.

ഇനി ആര്‍ക്കെങ്കിലും കണ്‍ഫ്യൂഷനുണ്ടോ..കാത്തിരിക്കാം..മറുപരസ്യത്തിനായി.

5 comments:

പകല്‍കിനാവന്‍ | daYdreaMer said...

കലികാലം... !

നരിക്കുന്നൻ said...

ഈ സ്വർണ്ണം മുടിഞ്ഞ് പോയാ മതിയായിരുന്നു.

വാഴക്കോടന്‍ ‍// vazhakodan said...

അക്ഷയ തൃദീയ, 916, ടാഗ്, പണിക്കൂലി, പണിക്കുരവ് തുടങ്ങീ എന്തൊക്കെ മോഹന സുന്ദര വാഗ്ദാനങ്ങള്‍! ആട് തേക്ക് മാഞ്ചിയം മറ്റൊരു പതിപ്പ്. എന്നാലും സ്വര്‍ണ്ണം ഇല്ലാതെ നമുക്കെന്തു ആഘോഷം?

ആർപീയാർ | RPR said...

പിഷാരടി പറഞ്ഞതുപോലെ
പണിക്കൊട്ട് കുറവുമില്ലാ..
പണിക്കൊട്ട് കൂലിയുമില്ലാ...

Thaikaden said...

Ini enthokke ittittano swarnam varaan pokunnathu.